ഇന്ത്യന്‍ പൗരർ എന്ന നിലക്ക് നമുക്ക് എല്ലാവർക്കും തന്നെ അവരവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്തൃം, ഭക്ഷണം എന്നിവ പോലെ തന്നെ ഒരോരുത്തരുടേയും സ്വകാര്യ തീരുമാനമാണ് അയാൾ ഏത് മതത്തിൽ വിശ്വസിക്കണം എന്നുള്ളതും അയാൾ പിൻതുടരാൻ ഉദ്ദേശിക്കുന്ന ആചാരങ്ങളും. ഇതൊന്നും തന്നെ മറ്റൊരാൾ ഇടപെടുകയോ നിർബന്ധിക്കുകയോ ചെയ്യേണ്ട വിഷയം പോലുമല്ല, അതു നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമായിക്കുന്നിടത്തോളം. പക്ഷെ അതു മറ്റൊരു വ്യക്തിയെയോ സമൂഹത്തേയോ വ്രണപ്പെടുത്തുകയോ ബാധിക്കുകയോ ചെയ്യുമ്പോൾ അതിന്റെ തലം തന്നെ മാറി.

ഇന്നു തന്നെ രണ്ട് സ്ത്രീകൾ ശബരിമല ദർശനം നടത്തി മടങ്ങി, അവരുടെ വിശ്വാസം കൊണ്ട് മാത്രമാണ് അത് ചെയ്തെതെങ്കിൽ മറ്റാർക്കും തന്നെ അതിൽ ഇടപെടാനുള്ള അവകാശമില്ല അതിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാണിക്കുന്ന “ബ്രേക്കിങ്ങ് ന്യൂസ്” അല്ലാതെ മുഴുവൻ സത്യാവസ്ഥ അറിയാത്തതിനാൽ ഒന്നും പറയുന്നില്ല, പിന്നെ ഈ രണ്ട് കൂട്ടരുടേയും വിശ്വാസങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളുമല്ല.

പക്ഷെ, അതിനു ശേഷം നടന്ന കാര്യങ്ങൾ ആ രണ്ട് പേരെയോ അല്ലെങ്കിൽ അവരെ എതിർക്കുന്ന വിശ്വാസികളെയോ മാത്രമല്ല ബാധിച്ചത്. ഇന്ന് ഉച്ച മുതൽ നടന്ന റോഡ് ഉപരോധം, ബസ് തടയൽ, കടയടപ്പിക്കൽ, സാധാരണക്കാരിൽ ഉണ്ടാക്കിയ അസ്വസ്തത കൊണ്ടൊക്കെ നിങ്ങൾ എന്ത് നേടി ?! ഇനി നാളെ നടത്താൻ പോവുന്ന ഹർത്താൽ കൊണ്ട് എന്താണ് നിങ്ങൾ നേടാൻ ഉദ്ദേശിക്കുന്നത് ?

ഇത്രയൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയ വനിതാ മതിൽ കൊണ്ട് തന്നെ എന്ത് നേട്ടം ഉണ്ടാക്കി എന്നു ഇനിയും മനസിലായിട്ടില്ല.

രാഷ്ട്രീയ മുതലെടുപ്പിനല്ലാതെ സാധാരണക്കാരന്റെ ആവശ്യങ്ങൾ തീർപ്പാക്കിയില്ലെങ്കിലും അതു ഒന്നു നിങ്ങൾ പരിഗണിക്കുന്നു എന്ന തോന്നൽ എങ്കിലും ഉണ്ടാക്കിയെടുക്കാൻ സംസ്ഥന സർക്കാരിനോ കേന്ദ്ര സർക്കാരിനോ പ്രതിപക്ഷം ഉൾപ്പടെയുള്ള ഒരു രാഷ്ട്രീയപാർട്ടിക്കൊ അവരുടെ പ്രഹസനങ്ങൾക്കോ കഴിയുന്നില്ല എന്നത് തന്നെ നിങ്ങളുടെയൊക്കെ പരാജയം കാണിച്ച തരുന്നു.